മൊണാലിസ ചിത്രത്തെ തോൽപ്പിക്കുന്ന ഒരു ചിത്രം പരതി ഗൂഗിളിൽ സേർച്ച് ചെയ്യൂമ്പോളാണ് ബ്ലാക്ക് & വൈറ്റിൽ മനം മയക്കുന്ന ആ ചിത്രം കണ്ണിൽ പെട്ടത്, മറവിയുടെ മാറാല പൂർണ്ണമായും മറയ്ക്കാത്ത ഓർമ്മകളിൽ ആ ചിത്രകാരന്റെ പേര് ഞാൻ പരതി - എസ്.കെ.രവിചന്ദ്രൻ. ആ പേരിനു പിന്നാലെ പോയ എന്റെ ഓർമ്മകൾ ചെന്നെത്തിയത് പഴയ ഒരു ഇരുനില കെട്ടിടത്തിലാണ്. കാലത്ത് പെയ്ത മഴ ചൊരിഞ്ഞ വെള്ളത്തുള്ളികൾ വീണ ഡെസ്ക്കിൽ ചിതറി കിടക്കുന്ന പത്ര താളുകൾ. ഇനിയും ഒരു മഴയുടെ വരവ് സൂചിപ്പിക്കുന്ന നേർത്ത കാറ്റിൽ ആ പത്ര താളുകൾ മെല്ലെ ഇളകി. രവിചന്ദ്രൻ നവഭാരത് ക്ലബ്ബിലെ ഒറ്റയാനായിരുന്നു. മെല്ലെ തലകുനിച്ച് പടി കയറി ക്ലബ്ബിലേക്ക് വരുന്ന രവിചന്ദ്രൻ എന്നും ഞങ്ങൾക്കു കൌതുകമായിരുന്നു. നിലവാരം കുറഞ്ഞ സംവാദങ്ങളും, അശ്ലീലച്ചുവയുള്ള തമാശകളും കൊണ്ട് സജീവമാകുന്ന സായാഹ്നങ്ങളിൽ, മിതഭാഷി ആയ രവിചന്ദ്രൻ ഒരു അതിശയമായിരുന്നു... അവന്റെ ചുണ്ടിൽ എല്ലായ്പ്പൊഴും കാണും... തെറുപ്പ് ബീഡിയും, ഒരു നേർത്ത പുഞ്ചിരിയും. ഒരിക്കലും ദേഷ്യപ്പെടാത്ത രവിചന്ദ്രൻ മാഷ് പാരലൽ കോളജിലെ ഓരോ വിദ്യാർധിക്കും പ്രിയങ്കരനായിരുന്നു. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം രവിചന്ദ്രൻ നാട്ടിൽ നിന്നും അപ്രത്യക്ഷനായി. കവലയിലെ സായഹ്ന സദസ്സുകളിൽ രവിചന്ദ്രൻ സംസാര വിഷയമായി മാറി. പിന്നീട് ഒരുപാട് കധകൾ നാട്ടിൽ പ്രചരിച്ചു - രവിചന്ദ്രൻ ദൂരെ ഒരു ദേശത്ത് സന്യാസി ആയി ജീവിക്കുകയാണ്, രവിചന്ദ്രൻ ദുബായിൽ വലിയ നിലയിൽ ആണ്, രവിചന്ദ്രൻ പാക്കിസ്താൻ ചാര സംഘടനയിലേ അംഗമായി!...ഇങ്ങനെ പോയി നാട്ടിൽ പ്രചരിച്ച കധകൾ! മെല്ലെ മെല്ലെ രവിചന്ദ്രനെ എല്ലാവരും മറന്നു. ഏഴ് ദിവസം കഴിഞ്ഞപ്പോൾ അവൻ തിരികെ എത്തി. ആകാംക്ഷയോടെ അടുത്തു കൂടിയ ഞങ്ങൾ അവനോട് ചോദിച്ചു “രവീ, നീ എവിടെ ആയിരുന്നു ഇതു വരെ? ആരോടും പറയാതെ നീ എവിടാ പോയത്?” നീണ്ട മൌനത്തിനു ശേഷം അവൻ മെല്ലെ പറഞ്ഞു, “പൈത്സിന്റെ ഓപറേഷനു ‘തിരുവന്തോരത്ത്’ പൊയതാ“!