entekeyboard.blogspot


ജീവിതം കഥ പറയാനായി മാറ്റി വക്കാനാവില്ല ...
കാരണം... എന്റെ കഥാപാത്രങ്ങള്‍ എന്റെ വിശപ്പ്‌ മാറ്റില്ല.

എങ്കിലും ഗതി ഇല്ലാതെ അലയുന്ന ചിന്തകള്‍ എന്നെ കഥകളുടെ ലോകത്ത് എത്തിക്കുന്നു... ചില നേരങ്ങളില്‍.

Monday, February 13, 2012

ചിന്ത


സ്വയം തീര്‍ത്ത ഒരു മതില്‍ക്കെട്ടിനുള്ളില്‍ അവന്‍ അറിയാതെ ഒതുങ്ങി കൂടുകയായിരുന്നു. ആ ഒറ്റപ്പെടലിലും അവന്‍ ക്രൂരമായ ഒരു ആനന്ദം കണ്ടെത്തി. സ്വയം വേദനിപ്പിച്ചു ആനന്ദം കണ്ടെത്തുന്ന ഭ്രാന്തമായ ഒരു അവസ്ഥ. സ്വന്തം പോരായ്മകളും, നിരാശയും മറക്കാനുള്ള ഒരു കവചം ആയി മാറി ആ ഒറ്റപ്പെടല്‍. ലോകം മുഴുവന്‍ തന്നോട് അനീതി കാട്ടുകയാണെന്ന് അവന്‍റെ മനസ്സ് പറഞ്ഞു. ദേഷ്യം അവന്റെ സ്ഥായി ഭാവം ആയിരിക്കുന്നു. അവന്‍ ദീക്ഷ വളര്‍ത്താന്‍ തുടങ്ങി... കാലം പോകെ അവന്റെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കവും തീക്ഷ്ണതയും കണ്ടു തുടങ്ങി. പാപനാശത്തെ ആളൊഴിഞ്ഞ ഒരു കോണില്‍ അനന്തതയിലേക്ക് കണ്ണ് നട്ട് അവന്‍ ഇരുന്നു. തിളച്ചു മറിയുന്ന ലാവ ആയി മാറി അവന്‍റെ മനസ്സ്.

കരിക്ക് വില്‍ക്കുന്ന ചാര്‍ളി പിന്നില്‍ കൂടി വന്ന് അവന്‍റെ ചെവിയില്‍ പറഞ്ഞു " ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല; ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല... !!!". ശേഷം നിവര്‍ന്നു നിന്ന ചാര്‍ളി അവന്‍റെ കുണ്ടിക്ക് ഒരു തൊഴി കൊടുത്തിട്ട് പറഞ്ഞു "... പോയി പണി എടുത്തു ജീവിക്കെടാ പോര്‍ക്കെ".

അവന്‍ മെല്ലെ എഴുനേറ്റ് ചാര്‍ളിയെ നോക്കി ... "കാലന്‍ ... ചിന്തകളുടെ ഫ്ലോ മൊത്തം കളഞ്ഞു!"


Sunday, January 22, 2012

തിരിച്ചറിവ്

ഒന്നും വേണ്ടായിരുന്നു എന്ന് മനസ്സ് പറയാന്‍ തുടങ്ങിയപ്പോഴേക്കും ഒരുപാട് ദൂരം യാത്ര ചെയ്തു കഴിഞ്ഞിരുന്നു.


... പിന്നെ, റിട്ടേണ്‍ പോകുന്ന ഒരു വണ്ടി സ്ലോ ചെയ്ത തക്കം നോക്കി ചാടി കയറി അവന്‍ തിരിച്ചു വന്നു.

അടുത്ത വണ്ടിയില്‍ യാത്ര തിരിച്ചവര്‍ക്ക് അവന്‍ ഒരു പുസ്തകം കൊടുത്തു വിട്ടു - “ജീവിത വിജയവും പ്രായോഗിക ബുദ്ധിയും”.

Monday, February 28, 2011

പ്രതികാരം

കല്യാണ തലേന്നാണ് വരന്‍ അറിഞ്ഞത് - വധുവിന് ഒരു കാമുകനുണ്ടത്രേ!, രോഷം കൊണ്ടു തിളച്ചു പോയി വരന്‍. 
താലിയില്‍ ചെമ്പിന്റെ അളവ് കൂട്ടി അവന്‍ പ്രതികാരം ചെയ്തു.

Wednesday, February 2, 2011

അവള്‍

അവള്‍ ഒരു ശാലീന സുന്ദരി ആയിരുന്നു. ഹോസ്റല്‍ ജീവിതത്തിനിടയ്ക്കെപ്പൊഴോ അവള്‍ ഒന്നാമനുമായി ഇഷ്ടത്തിലായി. രണ്ടാമനുമായി ബാങ്കില്‍ വച്ചാണ് പരിചയപ്പെട്ടത്, അവര്‍ അനുരാഗബദ്ധരായി. കൂട്ടുകാരിയുടെ വിവാഹത്തിനാണ് അവള്‍ മൂന്നാമനെ കണ്ടത്... അവര്‍ ഒറ്റ നോട്ടത്തില്‍ പരസ്പരം അടുത്തു. അവളുടെ മൂന്ന് മൊബൈൽ ഫോണുകള്‍ ഒരിക്കലും ഒരേ സമയം അടിച്ചിട്ടില്ല. റോബർട്ടാ റോഷിന്റെ “ റ്റൈം മാനെജ്മെന്റ് ഫോ ബിസി പീപ്പിൾ” അവൾ ആറ് തവണ വായിച്ചുവത്രെ. ‘ത്രികോണ പ്രണയം’ അപകടമാണെന്ന് ഉപദേശിച്ച പള്ളീലച്ചനെ നോക്കി അവൾ നിസ്സംഗതയോടെ ചിരിച്ചു. “ഞാന്‍ നിന്റെ മാതാപിതാക്കളെ വിവരം അറിയിക്കും” പള്ളീലച്ചന്‍ അവസാനത്തെ ആയുധം പുറത്തെടുത്തു, അവളുടെ ചിരിക്കു ഒരു മാറ്റവുമില്ലായിരുന്നു. “കുഞ്ഞേ, നിനക്കു നല്ല ബുദ്ധി തരാന്‍ നീ കര്‍ത്താവിനോടു പ്രർദ്ധിക്കൂ”. അന്നു മുതല്‍ അവള്‍ എന്നും പള്ളിയില്‍ പോകും പ്രാർദ്ധിക്കും. പക്ഷെ അനുരാഗ കടലില്‍ നിന്നും കരകയറാൻ അവളേ കൊണ്ടായില്ല! കര്‍ത്താവിന്റെ മുഖത്തെ നിസ്സഹായാവസ്ത കണ്ട് പള്ളീലച്ചന്‍ തല കുനിച്ചൂ. അവള്‍ ഗർഭിണി ആയപ്പൊൾ ഒന്നാമന്‍ നാടുവിട്ടു, രണ്ടാമാന്‍ ഡെറാഡൂണിലുള്ള അമ്മായിയുടെ വീട്ടില്‍ പോയി, മൂന്നാമന്‍ വീട്ടിലെ പത്തായപുരയില്‍ ഒളിച്ചിരിപ്പായി. അവളുടെ പ്രസവം കഴിഞ്ഞു കുഞ്ഞിനെ കണ്ട പെണ്ണൂങൾ അടക്കം പറഞ്ഞു ചിരിച്ചു. പിറ്റേ ദിവസം ഒന്നാമനും, രണ്ടാമനും, മൂന്നാമനും കവലയില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പരസ്പരം കൈ കൊടുത്തു. ബസ്സില്‍ കയറി മൂന്നു പേരും പട്ടണത്തിലെ ആശുപത്രിയിലെത്തി. ജനറല്‍ വാഡില്‍ പള്ളീലച്ചന്റെ അടി കൊണ്ടു കൈയ്യും കാലും ഒടിഞ്ഞു കിടക്കുന്ന വയസ്സൻ കപ്പ്യാര്‍ ലോപ്പസിന്റെ അടുത്തു ചെന്ന് മൂന്നു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു, “കപ്പ്യാരേ! എന്നാലും...”

Monday, January 31, 2011

അവന്‍

മൊണാലിസ ചിത്രത്തെ തോൽ‌പ്പിക്കുന്ന ഒരു ചിത്രം പരതി ഗൂഗിളിൽ സേർച്ച് ചെയ്യൂമ്പോളാണ് ബ്ലാക്ക് & വൈറ്റിൽ മനം മയക്കുന്ന ആ ചിത്രം കണ്ണിൽ പെട്ടത്, മറവിയുടെ മാറാല പൂർണ്ണമായും മറയ്ക്കാത്ത ഓർമ്മകളിൽ ആ ചിത്രകാരന്റെ പേര് ഞാൻ പരതി - എസ്.കെ.രവിചന്ദ്രൻ. ആ പേരിനു പിന്നാലെ പോയ എന്റെ ഓർമ്മകൾ ചെന്നെത്തിയത് പഴയ ഒരു ഇരുനില കെട്ടിടത്തിലാണ്. കാലത്ത് പെയ്ത മഴ ചൊരിഞ്ഞ വെള്ളത്തുള്ളികൾ വീണ ഡെസ്ക്കിൽ ചിതറി കിടക്കുന്ന പത്ര താളുകൾ. ഇനിയും ഒരു മഴയുടെ വരവ് സൂചിപ്പിക്കുന്ന നേർത്ത കാറ്റിൽ ആ പത്ര താളുകൾ മെല്ലെ ഇളകി. രവിചന്ദ്രൻ നവഭാരത് ക്ലബ്ബിലെ ഒറ്റയാനായിരുന്നു. മെല്ലെ തലകുനിച്ച് പടി കയറി ക്ലബ്ബിലേക്ക് വരുന്ന രവിചന്ദ്രൻ എന്നും ഞങ്ങൾക്കു കൌതുകമായിരുന്നു. നിലവാരം കുറഞ്ഞ സംവാദങ്ങളും, അശ്ലീലച്ചുവയുള്ള തമാശകളും കൊണ്ട് സജീവമാകുന്ന സായാഹ്നങ്ങളിൽ, മിതഭാഷി ആയ രവിചന്ദ്രൻ ഒരു അതിശയമായിരുന്നു... അവന്റെ ചുണ്ടിൽ എല്ലായ്പ്പൊഴും കാണും... തെറുപ്പ് ബീഡിയും, ഒരു നേർത്ത പുഞ്ചിരിയും. ഒരിക്കലും ദേഷ്യപ്പെടാത്ത രവിചന്ദ്രൻ മാഷ് പാരലൽ കോളജിലെ ഓരോ വിദ്യാർധിക്കും പ്രിയങ്കരനായിരുന്നു. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം രവിചന്ദ്രൻ നാട്ടിൽ നിന്നും അപ്രത്യക്ഷനായി. കവലയിലെ സായഹ്ന സദസ്സുകളിൽ രവിചന്ദ്രൻ സംസാര വിഷയമായി മാറി. പിന്നീട് ഒരുപാട് കധകൾ നാട്ടിൽ പ്രചരിച്ചു - രവിചന്ദ്രൻ ദൂരെ ഒരു ദേശത്ത് സന്യാസി ആയി ജീവിക്കുകയാണ്, രവിചന്ദ്രൻ ദുബായിൽ വലിയ നിലയിൽ ആണ്, രവിചന്ദ്രൻ പാക്കിസ്താൻ ചാര സംഘടനയിലേ അംഗമായി!...ഇങ്ങനെ പോയി നാട്ടിൽ പ്രചരിച്ച കധകൾ! മെല്ലെ മെല്ലെ രവിചന്ദ്രനെ എല്ലാവരും മറന്നു. ഏഴ് ദിവസം കഴിഞ്ഞപ്പോൾ അവൻ തിരികെ എത്തി. ആകാംക്ഷയോടെ അടുത്തു കൂടിയ ഞങ്ങൾ അവനോട് ചോദിച്ചു “രവീ, നീ എവിടെ ആയിരുന്നു ഇതു വരെ? ആരോടും പറയാതെ നീ എവിടാ പോയത്?” നീണ്ട മൌനത്തിനു ശേഷം അവൻ മെല്ലെ പറഞ്ഞു, “പൈത്സിന്റെ ഓപറേഷനു ‘തിരുവന്തോരത്ത്’ പൊയതാ“!