entekeyboard.blogspot


ജീവിതം കഥ പറയാനായി മാറ്റി വക്കാനാവില്ല ...
കാരണം... എന്റെ കഥാപാത്രങ്ങള്‍ എന്റെ വിശപ്പ്‌ മാറ്റില്ല.

എങ്കിലും ഗതി ഇല്ലാതെ അലയുന്ന ചിന്തകള്‍ എന്നെ കഥകളുടെ ലോകത്ത് എത്തിക്കുന്നു... ചില നേരങ്ങളില്‍.

Wednesday, February 2, 2011

അവള്‍

അവള്‍ ഒരു ശാലീന സുന്ദരി ആയിരുന്നു. ഹോസ്റല്‍ ജീവിതത്തിനിടയ്ക്കെപ്പൊഴോ അവള്‍ ഒന്നാമനുമായി ഇഷ്ടത്തിലായി. രണ്ടാമനുമായി ബാങ്കില്‍ വച്ചാണ് പരിചയപ്പെട്ടത്, അവര്‍ അനുരാഗബദ്ധരായി. കൂട്ടുകാരിയുടെ വിവാഹത്തിനാണ് അവള്‍ മൂന്നാമനെ കണ്ടത്... അവര്‍ ഒറ്റ നോട്ടത്തില്‍ പരസ്പരം അടുത്തു. അവളുടെ മൂന്ന് മൊബൈൽ ഫോണുകള്‍ ഒരിക്കലും ഒരേ സമയം അടിച്ചിട്ടില്ല. റോബർട്ടാ റോഷിന്റെ “ റ്റൈം മാനെജ്മെന്റ് ഫോ ബിസി പീപ്പിൾ” അവൾ ആറ് തവണ വായിച്ചുവത്രെ. ‘ത്രികോണ പ്രണയം’ അപകടമാണെന്ന് ഉപദേശിച്ച പള്ളീലച്ചനെ നോക്കി അവൾ നിസ്സംഗതയോടെ ചിരിച്ചു. “ഞാന്‍ നിന്റെ മാതാപിതാക്കളെ വിവരം അറിയിക്കും” പള്ളീലച്ചന്‍ അവസാനത്തെ ആയുധം പുറത്തെടുത്തു, അവളുടെ ചിരിക്കു ഒരു മാറ്റവുമില്ലായിരുന്നു. “കുഞ്ഞേ, നിനക്കു നല്ല ബുദ്ധി തരാന്‍ നീ കര്‍ത്താവിനോടു പ്രർദ്ധിക്കൂ”. അന്നു മുതല്‍ അവള്‍ എന്നും പള്ളിയില്‍ പോകും പ്രാർദ്ധിക്കും. പക്ഷെ അനുരാഗ കടലില്‍ നിന്നും കരകയറാൻ അവളേ കൊണ്ടായില്ല! കര്‍ത്താവിന്റെ മുഖത്തെ നിസ്സഹായാവസ്ത കണ്ട് പള്ളീലച്ചന്‍ തല കുനിച്ചൂ. അവള്‍ ഗർഭിണി ആയപ്പൊൾ ഒന്നാമന്‍ നാടുവിട്ടു, രണ്ടാമാന്‍ ഡെറാഡൂണിലുള്ള അമ്മായിയുടെ വീട്ടില്‍ പോയി, മൂന്നാമന്‍ വീട്ടിലെ പത്തായപുരയില്‍ ഒളിച്ചിരിപ്പായി. അവളുടെ പ്രസവം കഴിഞ്ഞു കുഞ്ഞിനെ കണ്ട പെണ്ണൂങൾ അടക്കം പറഞ്ഞു ചിരിച്ചു. പിറ്റേ ദിവസം ഒന്നാമനും, രണ്ടാമനും, മൂന്നാമനും കവലയില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പരസ്പരം കൈ കൊടുത്തു. ബസ്സില്‍ കയറി മൂന്നു പേരും പട്ടണത്തിലെ ആശുപത്രിയിലെത്തി. ജനറല്‍ വാഡില്‍ പള്ളീലച്ചന്റെ അടി കൊണ്ടു കൈയ്യും കാലും ഒടിഞ്ഞു കിടക്കുന്ന വയസ്സൻ കപ്പ്യാര്‍ ലോപ്പസിന്റെ അടുത്തു ചെന്ന് മൂന്നു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു, “കപ്പ്യാരേ! എന്നാലും...”

4 comments:

  1. ഇനി ഞാന്‍ എപ്പോഴും ഈ ബ്ലോഗ്‌ വായിക്കും. തീര്‍ച്ച!!!

    ReplyDelete
  2. ആവനാഴിയില്‍ ഇങ്ങനെയും ചില സംഭവങ്ങള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലേ.. കീബോഡ് പറയാത്തത്..! ചെറിയ കഥയുടെ ഒതുക്കം, അതങ്ങിഷ്ടപ്പെട്ടു..!

    ReplyDelete
  3. നന്ദിയുണ്ട് എല്ലാവര്‍ക്കും...

    ReplyDelete